July 21, 2026

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ സര്‍വീസുകള്‍; പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി

0

കണ്ണൂര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം അതിവേഗ നീക്കത്തിലാണ്. എയര്‍പോര്‍ട്ടിന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമേ സര്‍വീസുകളുള്ളൂ. യൂറോപ്പ്, യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. ആയിരക്കണക്കിന് മലയാളികളാണ് ഗള്‍ഫ് പുറത്തുള്ള രാജ്യങ്ങളിലേക്ക് ജോലി, പഠന ആവശ്യങ്ങള്‍ക്കായി പോകുന്നത്. ഇവര്‍ക്കായി കൂടുതല്‍ വിദേശ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഏറെ ആവശ്യമായതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നടത്തി. കണ്ണൂരിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി ഉടന്‍ ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നു.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ‘പോയിന്റ് ഓഫ് കോള്‍’ പദവി ലഭിക്കാന്‍ നിരന്തര ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അധികൃതരും സര്‍ക്കാരും. ഈ പദവി ലഭിച്ചാല്‍ വിദേശ വിമാനങ്ങള്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ ലഭിക്കും. സൗകര്യങ്ങളായി 3,050 മീറ്റര്‍ റണ്‍വേ, 97,000 ചതുരശ്ര മീറ്റര്‍ ടെര്‍മിനല്‍ ഏരിയ എന്നിവയും, 2,000 യാത്രക്കാരെ ഒരു മണിക്കൂറില്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യവും വിമാനത്താവളത്തിലുണ്ട്. ഇതുവരെ 60 ലക്ഷത്തിലധികം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. പുതിയ സര്‍വീസുകള്‍ ആരംഭിച്ചാല്‍ വരുമാനവും യാത്രക്കാരുടെ എണ്ണവും കുത്തനെ ഉയര്‍ന്നേക്കുമെന്ന് പ്രതീക്ഷ. 2024-25 കാലയളവില്‍ 180 കോടി രൂപ വരുമാനമാണ് കിയാല്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *