ഇന്ത്യയിലെ യൂണികോണുകളുടെ നിയമനങ്ങളില്‍ വര്‍ദ്ധനവ്; ജനുവരിയില്‍ 25% ഉയർച്ച
ന്യൂഡല്‍ഹി: ഇന്ത്യയിലെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിയമനങ്ങളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോര്‍ട്ട്. 2025 ജനുവരി മാസത്തില്‍ മാത്രം 25% നിയമന വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെ യൂണികോണുകളെന്നു വിശേഷിപ്പിക്കുന്നു. നൗക്കരി ജോബ്സ്പീക്ക് സൂചികയുടെ വിലയിരുത്തലില്‍ ഇത് വിവിധ മേഖലകളിലേക്കു വ്യാപിച്ചതായി വ്യക്തമാണ്. 2025 ജനുവരിയിലെ കണക്കുകള്‍ പ്രകാരം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ 35% നിയമന വര്‍ധനയുണ്ടായതായും ഐടി യൂണികോണ്സില് 16% വളര്‍ച്ചയുണ്ടായതായും വ്യക്തമാക്കുന്നു.
വൈറ്റ് കോളര്‍ നിയമനങ്ങളില്‍ ജനുവരിയില്‍ 4% വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഐടി മേഖലയിലെ നിയമന വളര്‍ച്ച നേരിയ തോതില്‍ ആയിരുന്നുവെങ്കിലും, ജയ്പൂര്‍ പോലെയുള്ള വളര്‍ന്നുവരുന്ന ടെക് ഹബ്ബുകളില്‍ 38% നിയമന വര്‍ധന രേഖപ്പെടുത്തി. ജനുവരി മാസത്തെ ആകെ നിയമന വര്‍ധന 3% ആയതായും ഇതിന് പ്രധാന കാരണം ഐടി ഇതര മേഖലകളിലെ വര്‍ധനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്യൂട്ടി, വെല്‍നസ് മേഖലകളില്‍ പുതിയ നിയമനങ്ങളില്‍ 21% വര്‍ധന രേഖപ്പെടുത്തി. അതേസമയം, കെപിഒ/ഗവേഷണം/അനലിറ്റിക്സ് മേഖലയില്‍ എന്‍ട്രി ലെവല്‍ തസ്തികകളില്‍ 26% വളര്‍ച്ചയും ഹോസ്പിറ്റാലിറ്റി മേഖലയില്‍ 18% വളര്‍ച്ചയുമുണ്ടായി.