July 21, 2026

വിഴിഞ്ഞം ചരക്കുനീക്കത്തിന് ഭൂ​ഗർഭ റയിൽപാത; ചെലവ് 1200 കോടി, നിര്‍മാണം 2025ല്‍

0

വിഴിഞ്ഞം തുറമുഖത്തിൻ്റെ ചരക്ക് നീക്കത്തിനുള്ള റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ബാലരാമപുരം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 10.76 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നത്. വിഴിഞ്ഞത്ത് നിന്നും ചരക്കുകൾ നേമം, ബാലരാമപുരം റയിൽവെ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നതിനായാണ് പാത നിർമ്മിക്കുന്നത്. 10.76 കി.മീറ്റർ പാതയിൽ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും.വിഴിഞ്ഞം തുറമുഖത്ത് നിന്നും ബാലരാമപുരം മുടവൂർപ്പാറ വരെ ഒറ്റവരിയായാണ് പാത നിർമ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിർമ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 65 ശതമാനവും മണ്ണായതിനാൽ തുരക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും നിർമ്മാണം. 25 മുതൽ 35 മീറ്റർ വരെ താഴ്ചയിലൂടെ പാത കടന്നുപോകും.വിഴിഞ്ഞം വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന ഏകദേശം 82.90 ആർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ഭൂമിയേറ്റെടുക്കൽ നടപടികൾ റവന്യൂ വകുപ്പ് പൂർത്തിയാക്കുന്നതനുസരിച്ച് ഭൂമി തുറമുഖ കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർക്ക് കൈമാറും. തുടർന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ നിർമാണപ്രവൃത്തികൾ ആരംഭിക്കും.1200 കോടി രൂപയാണ് പദ്ധതിച്ചിലവ്. 42 മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *