July 21, 2026

വിനോദ സഞ്ചാര സാധ്യതകളുടെയും വിഴിഞ്ഞം

0

ബി ടി അനില്‍കുമാര്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടയ്‌നറുകള്‍ നിറച്ച് ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാനം. തുറമുഖത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി 2028 ല്‍ പൂര്‍ണ്ണതോതില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

1930 കണ്ടെയ്‌നറുകളുമായാണ് ആദ്യ മദര്‍ഷിപ്പ് വിഴിഞ്ഞത്തെത്തിയത്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴി സഞ്ചരിച്ചെത്തി വിഴിഞ്ഞത്തിന്റെ തിര തൊട്ടു. തുറമുഖത്തേക്കുള്ള ലിങ്ക് റോഡുകള്‍ റയില്‍ കണക്ടിവിറ്റി എന്നിവ പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.തുറമുഖനിര്‍മ്മാണരംഗത്തെ പ്രമുഖ സ്ഥാപനമായ അദാനി പോര്‍ട്ട്‌സ് ആണ് രാജ്യത്തിനു തന്നെ അഭിമാനമായ വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നത്.
രാജ്യാന്തര കപ്പല്‍ചാലിന്റെ സാമീപ്യമാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. കൊളംബോയ്ക്ക് 50 കിലോമീറ്ററാണ് കപ്പല്‍ ചാലില്‍ നിന്നുള്ള ദൂരമെങ്കില്‍ വിഴിഞ്ഞത്ത് ഇത് വെറും 18 കിലോമീറ്റര്‍ ആണ്.

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിന്റെ വിനോദ സഞ്ചാര രംഗത്തും വന്‍ സാധ്യതകളാണ് തുറക്കുന്നത്.ഇന്ത്യയുടെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന ഈ ആധുനിക തുറമുഖം സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെയാകെ പുനരുജ്ജീവിപ്പിക്കും.തുറമുഖം മുന്നോട്ടുവയ്ക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. ഇതിലൂടെ, ഒരു വ്യവസായമെന്ന നിലയില്‍ ടൂറിസത്തെ ബഹുദൂരം മുന്നിലെത്തിക്കാനും പ്രാദേശികമായ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വരുമാനവും
ഉറപ്പു വരുത്താനും കഴിയും.

ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കോവളമുള്‍പ്പെടെയുള്ള ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭൂമിശാസ്ത്രപരമായി വിഴിഞ്ഞം തുറമുഖത്തിനടുത്താണ് എന്നത് കേരളത്തിന് ഗുണകരമാവും. വിഴിഞ്ഞത്തിന്റെ സ്വാഭാവികമായ കടലാഴം ആഡംബരക്കപ്പല്‍ ടൂറിസത്തിന്റെ സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നു.വമ്പന്‍ ക്രൂയിസ് ഷിപ്പുകളിലെത്തുന്ന അതിസമ്പന്നരായ സഞ്ചാരികള്‍ കേരളത്തിന്റെ ടൂറിസം വരുമാനത്തില്‍ നിര്‍ണായക സാന്നിധ്യമാകും.ഇതിനു പുറമേ വിഴിഞ്ഞത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ ചെറുജലാശയങ്ങള്‍ പ്രയോജനപ്പെടുത്തി ഉല്ലാസനൗകാ ടൂറിസത്തിനും സാധ്യതയേറെയാണ്.
ചെറിയ കായലും തോടും കേന്ദ്രീകരിച്ചുള്ള ജല വിനോദങ്ങളിലൂടെയും സഞ്ചാരികളെ ആകര്‍ഷിക്കാനാവും. വിഴിഞ്ഞത്തിനു ചുറ്റും പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഒട്ടേറെയിടങ്ങളുണ്ട്.ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക വിനിമയപരിപാടികളിലൂടെയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും.

എന്നാല്‍ എല്ലാ ആശയങ്ങളും യഥാര്‍ഥ്യമാക്കാന്‍ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. രാജ്യാന്തര ടൂറിസ്റ്റുകളുടെ അഭിരുചികള്‍ക്ക് അനുയോജ്യമായ ആഡംബര ഹോട്ടലുകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ കൂടുതലായി ഉണ്ടാവുകയും വേണം. വിഴിഞ്ഞത്തെ ലോകത്തിനു മുന്നില്‍ ഒരു ടൂറിസം ഹബ്ബായി അവതരിപ്പിക്കുന്നതിന് മികച്ച രീതിയിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കേണ്ടതും അനിവാര്യമാണ്.
വിഴിഞ്ഞത്തിന്റെ ടൂറിസം സാധ്യതകള്‍ ഫലപ്രദമായി ചൂഷണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്. നിലവില്‍ കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് ടൂറിസത്തിന്റെ ചുമതലയുള്ളതുകൊണ്ട് ഇത് അനായാസമാകാം.വികസന കാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു പൊതുസമീപനം ഉണ്ടാകുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *